ഹര്‍ത്താല്‍ നിയമ വിരുദ്ധം; ഇടുക്കിയിലെ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പുരോഗമാക്കുന്നു. എന്നാല്‍, ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കണം എന്ന് നിര്‍ദേശം ഉണ്ട്. ഇത് പാലിക്കാതെ ഹര്‍ത്താല്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇതില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റ ഭാഗമായി പവര്‍ ഹൗസ് ഭാഗത്ത് വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസും പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി. മൂന്നാര്‍ തേക്കടി ദേശീയ പാതയിലും വാഹനങ്ങള്‍ തടയുകയാണ്. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും. മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും.

അതേസമയം, അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള രണ്ട് പേരും അടങ്ങുന്ന അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടങ്ങും. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്ധ സംഘം തുടര്‍ നടപടി സ്വീകരിക്കുക.