ഏപ്രിൽ മുതൽ ചികിത്സാ ചെലവ് കുതിച്ചുയരും; അവശ്യമരുന്നുകളുടെ വില വർദ്ധിക്കും

ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ മുതൽ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകൾക്ക് വൻതോതിൽ വില വർധിപ്പിക്കാൻ അനുമതി നൽകിയതോടെയാണ് ചികിത്സാ ചെലവ് വർദ്ധിക്കുന്നത്. അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്ക് പത്ത് ശതമാനം വില വർധിപ്പിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. അവശ്യ മരുന്നു പട്ടികയിലുള്ള 900 മരുന്നുകൾക്ക് വില 12 ശതമാനമാണ് വർദ്ധനവുണ്ടാകുന്നത്.

നിലവിൽ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വിൽക്കുന്നത്. കഴിഞ്ഞ വർഷം 10 ശതമാനമായിരുന്നു വില വർദ്ധിപ്പിച്ചത്. രണ്ടു വർഷത്തിനിടയിൽ 22 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേദന സംഹാരികൾക്കും ആന്റി ബയോട്ടിക്കുകൾക്കും അലർജിക്കുള്ള മരുന്നുകൾക്കും വില വർദ്ധിക്കും.