രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമപ്രകാരം; ബോധപൂർവം പിന്നാക്ക വിഭാഗത്തെ അപമാനിച്ചെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമപ്രകാരമാണെന്ന് അമിത് ഷാ വ്യക്തമാക്കി. രാഹുൽ ബോധപൂർവം പിന്നാക്ക വിഭാഗത്തെ അപമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

2013 ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പരാമർശം. എംപിമാരുടെ അയോഗ്യത സംബന്ധിച്ച ഓർഡിനൻസ് അന്ന് കീറിയില്ലായിരുന്നെങ്കിൽ ഇന്ന് രാഹുൽ ഗാന്ധി രക്ഷപ്പെടുമായിരുന്നുവെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ഓർഡിനൻസ് കൊണ്ടുവന്നത് ആർജെഡി നേതാവ് ലാലു പ്രസാദിനെ രക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ രാഹുൽ ഗാന്ധി ആ ഓർഡിനൻസിനെ അസംബന്ധമെന്ന് വിളിച്ച് കീറിയെറിഞ്ഞു. ആ നിയമം ഇന്ന് പ്രാബല്യത്തിലുണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലാലു പ്രസാദ് യാദവ്, ജയലളിത, റാഷിദ് അൽവി തുടങ്ങി 17 ഓളം പേർ നേരത്തേ അയോഗ്യരാക്കപ്പെട്ടിരുന്നു. പക്ഷേ ആരും ഒരു കോലാഹലവും ഉണ്ടാക്കിയില്ല. എന്തുകൊണ്ടാണ് ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക നിയമം വേണമെന്ന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒരു കുടുംബത്തിന് പ്രത്യേക നിയമം വേണോ എന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കണം. അയോഗ്യനാക്കപ്പെട്ട നടപടിയിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇതുവരെ സ്റ്റേയ്ക്ക് വേണ്ടി ശ്രമിക്കാതിരുന്നത്. എവിടെ നിന്നാണ് ഇത്ര അഹങ്കാരം രാഹുലിന് ഉണ്ടാകുന്നത്. മറ്റ് എംപിമാർ അയോഗ്യരാക്കപ്പെട്ടപ്പോൾ ജനാധിപത്യം അപകടത്തിലായിരുന്നില്ലേയെന്നും ഓർഡിനൻസ് വലിച്ചുകീറിയ അദ്ദേഹം എന്തിനാണ് ഇപ്പോൾ നെഞ്ചത്തടിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.