ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരനെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കോടതിയെ സമീപിച്ചത്.
വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും പൾസർ സുനി ഹർജിയിൽ പറയുന്നു. അതേസമയം, പൾസർ സുനിയുടെ ജാമ്യാപേക്ഷ ഈ മാസം ആദ്യം ഹൈക്കോടതി തള്ളിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രതിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റത്തിന്റെ ഗൗരവവും മാനദണ്ഡമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനായി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സമൂഹ മനസ്സാക്ഷിയെ ബാധിക്കുന്ന ഗുരുതരമായ ആരോപണം പ്രതിക്കെതിരെയുള്ളപ്പോൾ ജാമ്യത്തിന് അർഹനല്ലെന്നും 6 മാസത്തിനുള്ളിൽ തീർപ്പാക്കുമെന്നാണു വിചാരണക്കോടതി പറയുന്നതെന്നും ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

