തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് നേരെ വീണ്ടും വധ ഭീഷണി. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വ്യക്തമാക്കിയാണ് ഇത്തവണ രമയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് ലഭിച്ചത്. പരാതി ഏപ്രിൽ 20 നുള്ളിൽ പിൻവലിക്കണമെന്നും ഇല്ലെങ്കിലും കടുത്ത നടപടികളുണ്ടാകമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. സെക്രട്ടറിയേറ്റിലെ അഡ്രസിലാണ് കത്ത് വന്നത്.
കേസ് പിൻവലിച്ച് മാപ്പ് പറയുക. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടിവരുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം 20-ാം തീയതിക്കുള്ളിൽ ഒരു തീരുമാനം തങ്ങൾ നടപ്പിലാക്കും. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ! ഭരണം പോയാലും തരക്കേടില്ല! തങ്ങളത് ചെയ്തിരിക്കുമെന്നും കത്തിൽ പറയുന്നു. കത്തിൽ എടീ രമേ എന്നാണ് എംഎൽഎയെ അഭിസംബോധന ചെയ്തിരിക്കുന്നത്. രമയ്ക്കുള്ള അവസാന താക്കീതാണ് ഇതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കെ കെ രമ എംഎൽഎ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

