തിരുവനന്തപുരം: കെടിയു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിന് മൂന്ന് അംഗ പാനൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകി. ഡിജിറ്റൽ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ തുടങ്ങിയവരാണ് പാനലിലുള്ളത്.
അടുത്ത ദിവസം സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. അതേസമയം, കെടിയു താൽക്കാലിക വി സി നിയമനത്തിൽ ഗവർണർ സർക്കാരിന് വഴങ്ങിയിരുന്നു. സർക്കാരിന് താൽപര്യമുള്ളവരുടെ പേരുകൾ നൽകാൻ ഗവർണർ ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു ഗവർണറുടെ നീക്കം. ഒസജി ഗോപിനാഥിനോ അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവൻ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്.
സജി ഗോപിനാഥിന് താത്ക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതു തള്ളുകയും അദ്ദേഹത്തിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. സജി ഗോപിനാഥിനെ സ്ഥാനത്തുനിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസും ഗവർണർ അയച്ചിരുന്നു.
കേരളാ ഹൈക്കോടതിയിൽ നിന്നും ഗവർണർക്ക് നിരന്തരമായി തിരിച്ചടി നേരിട്ടിരുന്നു. സ്വന്തം നിലയ്ക്കു ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

