‘നൂറില്‍’ മെസി

സാന്റിയാഗോ: കുറസാവോയ്ക്ക് എതിരെ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ അര്‍ജന്റീന 7-0ത്തിന് ജയിച്ചപ്പോള്‍ ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ലയണല്‍ മെസി രാജ്യത്തിന്റെ കുപ്പായത്തില്‍ 100 ഗോളുകളെന്ന അപൂര്‍വ റെക്കാഡും സ്വന്തമാക്കി. നേരത്തെ പാനമയ്‌ക്കെതിരായ മത്സരത്തിലൂടെ കരിയറില്‍ 800 ഗോളുകള്‍ തികച്ച മെസി അന്താരാഷ്ട്ര ഫുട്ബാളില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ താരമായും ചരിത്രം സൃഷ്ടിച്ചു.

ഇതോടെ 102 അന്താരാഷ്ട്ര ഗോളുകളാണ് ഇപ്പോള്‍ മെസിയുടെ അക്കൗണ്ടിലുള്ളത്. സാന്റിയാഗോയില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍തന്നെ മെസി ഹാട്രിക് തികച്ചപ്പോള്‍ ഇരു പകുതികളിലുമായി നിക്കോളാസ് ഗോണ്‍സാലസ്,എന്‍സോ ഫെര്‍ണാണ്ടസ്,ഏന്‍ജല്‍ ഡി മരിയ,ഗോണ്‍സാലോ മൊണ്ടിയേല്‍ എന്നിവരും സ്‌കോര്‍ ചെയ്തു. 20-ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ് മെസി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോള്‍ നേട്ടം കുറിച്ചത്. തന്റെ 174-ാം മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അര്‍ജന്റീനയുടെ തേര്‍വാഴ്ചയാണ് സാന്റിയാഗോയില്‍ കണ്ടത്. 20,33,37 മിനിട്ടുകളിലായാണ് മെസി ഹാട്രിക്ക് തികച്ചത്. ലോകകപ്പ് കിരീടം ഉയര്‍ത്തി കൃത്യം നൂറാം ദിവസം തന്നെയാണ് മെസി തന്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയത്. ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിട്ട് നിന്ന അര്‍ജന്റീന രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ കൂടി നേടി.