കോട്ടയം: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിനായി തയ്യാറെടുത്ത് കുമരകം. 2023 മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള തീയതികളിലാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് കീഴിലുള്ള ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം യോഗം ചേരുന്നത്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ (പ്രത്യേക പ്രതിനിധി) അമിതാഭ് കാന്ത് അധ്യക്ഷനാകും.
ജി20 യുടെ സാമ്പത്തിക – വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളും കൃത്യമായ നടപ്പാക്കലും ചർച്ചാ വിഷയമാകും.
നിലവിൽ കനത്ത സുരക്ഷാ വലയത്തിലാണ് കുമരകം. സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്‌കേപ്പിൽ ജില്ലാ കളക്ടർ ഡോ പി കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. 1600 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറ് എസ്.പി.മാർ, 20 ഡി.വൈ എസ്.പിമാർ, 20 ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാക്രമീകരണങ്ങൾ. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ പോലീസുദ്യോഗസ്ഥരെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
കെ.ടി.ടി.ഡി.സിയുടെ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ സെന്ററിന്റെയും കലാപരിപാടികൾ നടക്കുന്ന വേദിയുടെയും അവസാനഘട്ടഅലങ്കാരപണികൾ പുരോഗമിക്കുകയാണ്. കുമരകത്തേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തുന്ന അഞ്ചു പാതകൾ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചിട്ടുണ്ട്. ഇതിൽ നാലു റോഡുകളുടെ റോഡ് സുരക്ഷാ നടപടികളടക്കം പൂർത്തിയാക്കി. ബദൽ പാതയായി കാണുന്ന കല്ലറ-വെച്ചൂർ റോഡ് ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. വഴിയോരങ്ങളിലെ മാലിന്യനീക്കവും പൂർത്തിയാക്കി. കായൽ മാർഗം അതിഥികൾക്കെത്തുന്നതിനുള്ള ജലഗതാഗത ചാനലുകൾ മാർക്കിംഗ് പൂർത്തിയാക്കി. റിഫളക്ടറുകൾ സ്ഥാപിച്ചു. ഇന്ന് വീണ്ടും ട്രയൽ റൺ നടക്കും. വൈദ്യൂതി വിതരണം തടസപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. ബദൽ സംവിധാനങ്ങളടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിൽ ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളുടേയും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് യോഗത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരുടേയും പോലീസ് വാഹനങ്ങളും പാർക്കിംഗിനായി സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ തന്നെ പാർക്ക് ചെയ്യണം. ജി20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതു വരെയുമാണ് കുമരകത്ത് നടക്കുന്നത്.

