ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിക്കുകയോ ചെയ്താല്‍ ഇനി പേടിക്കേണ്ടതില്ല. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, ഇന്ത്യന്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (CEIR) എന്ന പേരില്‍ പുറത്തിറക്കിയ വെബ്സൈറ്റ് സഹായിക്കും. ഫോണിലെ ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്ബര്‍ ഉപയോഗിച്ച് നഷ്ടമായ ഇലക്ട്രോണിക് ഗാഡ്ജെറ്റിനെക്കുറിച്ച് വേഗത്തില്‍ പരാതി നല്‍കാന്‍ ഈ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.
നഷ്ടപ്പെട്ട ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ് സഹായിക്കും. വെബ്സൈറ്റില്‍ പരാതി നല്‍കിയാലുടന്‍ തന്നെ നഷ്ടപെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെടും. 2019 സെപ്റ്റംബറില്‍ മുംബൈയിലാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ വെബ്സൈറ്റിന് തുടക്കമിട്ടത്. പിന്നീടിത് ഡല്‍ഹിയിലും ലഭ്യമാക്കി. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും വെബ്സൈറ്റ് വഴി സാധിക്കും.കെവൈഎം (KYM) എന്ന പേരില്‍ ഒരു സൗജന്യ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പും ഇതിനായി നിലവിലുണ്ട്. ഈ ആപ് വഴി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയും IMEI നമ്ബറിന്റെ നില, മൊബൈല്‍ നിര്‍മ്മാതാവിന്റെ പേര്, മോഡല്‍ നമ്ബര്‍, ഉപകരണ തരം എന്നിവ പോലുള്ള വിശദാംശങ്ങളാണ് നല്‍കേണ്ടത്. പ്രധാനമായും വേണ്ടത് ഫോണിന്റെ ഐഎംഇഐ നമ്ബറാണ്. അത് ബില്ലിലും ബോക്‌സിലും ലഭ്യമാകും, കൂടാതെ *#06# ഡയല്‍ ചെയ്ത് ഫോണില്‍ നിന്ന് ആക്സസ് ചെയ്യാനും കഴിയും. OTP സ്വീകരിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍ നമ്ബറും ഒപ്പം നല്‍കേണ്ടതുണ്ട്.
വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാം…
ഇപ്പോള്‍ 37 സംസ്ഥാനങ്ങളിലും (കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സിഇഐആര്‍ സേവനം ലഭ്യമാണ്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാര്‍ട്ട്ഫോണ്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിം കാര്‍ഡുകളുടെ മൊബൈല്‍ നമ്ബര്‍, IMEI നമ്ബര്‍, ഇന്‍വോയ്സ് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യമാണ്. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് പോലീസ് പരാതിയുടെ ഡിജിറ്റല്‍ പകര്‍പ്പും ആവശ്യമായതിനാല്‍ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും നിങ്ങള്‍ പരാതി നല്‍കേണ്ടതുണ്ട്.
അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് ഐഎംഇഐ നമ്ബര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാവുന്നതാണ്. നഷ്ടപ്പെട്ട ഫോണ്‍ തിരികെ ലഭിക്കുകയാണെങ്കില്‍ ആദ്യം തന്നെ പോലീസില്‍ വിവരമറിയിക്കുക. ഇതേ വെബ്സൈറ്റില്‍ തന്നെ അപേക്ഷയും ഒപ്പം ഐഡി, മൊബൈല്‍ നമ്ബര്‍ എന്നിവയും നല്‍കുക. വിശദാംശങ്ങള്‍ നല്കിക്കഴിഞ്ഞാല്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കുക. അപേക്ഷ നല്കിക്കഴിഞ്ഞാല്‍ മൊബൈല്‍ അണ്‍ബ്ലോക്ക് ആകാന്‍ അല്പം സമയമെടുക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് ഇതിന്റെ വിവരങ്ങളും അന്വേഷിക്കാവുന്നതാണ്.

