കീഴടങ്ങിയേക്കും; അമൃത്പാല്‍ സിങ് പൊലീസിന് മുന്നില്‍ ഉപാധികള്‍ വച്ചതായി സൂചന

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങുന്നതിനായി പഞ്ചാബ് പൊലീസിന് മുന്നില്‍ ഉപാധികള്‍ വച്ചതായി റിപ്പോര്‍ട്ടുകള്‍. സുവര്‍ണ്ണ ക്ഷേത്രത്തിനു മുന്‍പില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമൃത്പാല്‍ സിങിനായി ഹോഷിയാര്‍പൂരില്‍ തെരച്ചില്‍ തുടരുകയാണ്. വിവിധ പേരുകളില്‍ നിരവധി പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള അമൃത്പാല്‍ സിങ് മാര്‍ച്ച് 18നാണ് പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ടത്.

അതേമസമയം, അമൃത്പാല്‍സിങ് മാര്‍ച്ച് 21ന് ഡല്‍ഹിയില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഡല്‍ഹിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പല്‍പ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. അതിനിടെ, ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകള്‍ നേരത്തെ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ കുരക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ നേരെ ഡല്‍ഹിയിലെത്തി എന്നാണ് അനുമാനം.

അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായിയും ഗണ്‍മാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അമൃത്സര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.