തിരൂർ: സർക്കാർ ജോലി രാജിവച്ച് ദമ്പതികൾ. തിരുനാവായ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജെയ്‌സൺ, തവനൂർ വൃദ്ധസദനത്തിലെ മേട്രണായിരുന്ന ഭാര്യ പി എസ് അനിതാ മേരി തുടങ്ങിയവരാണ് സർക്കാർ സർവ്വീസിൽ നിന്നും രാജിവെച്ചത്. ഇരുവർക്കും പ്രതിമാസം ഒരു ലക്ഷത്തിലേറെ വരുമാനമുണ്ടായിരുന്നു. ആത്മാഭിമാനത്തിനുവേണ്ടിയാണ് രാജിയെന്നും, കൂലിപ്പണിയെടുത്തുജീവിക്കുമെന്നും ഇവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
തന്നോട് മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത നേരത്തെ ഒരു പരാതി നൽകിയിരുന്നു. എന്നാൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അനിത പറയുന്നത്. കള്ളക്കേസിൽ കുടുക്കി തന്നെ സസ്പെൻഡ് ചെയ്തുവെന്നും അനിത ചൂണ്ടിക്കാട്ടി. ഭാര്യയുടെ പ്രശ്‌നത്തിൽ ഇടപെട്ടതോടെ വകുപ്പിലെ ചില സംഘടനകളുടെ നേതൃത്വത്തിൽ തന്നെയും പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതോടെയാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്നും ജയ്‌സണും വ്യക്തമാക്കി.
ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കൈയേറ്റം ചെയ്തെന്ന ഡോക്ടറുടെ പരാതിയിൽ ഒരാഴ്ച ജയിലിൽ കിടക്കേണ്ട അവസ്ഥ വരെ ഇവർക്ക് നേരിടേണ്ടി വന്നു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, തുടർ നടപടികളൊന്നും ഉണ്ടായില്ലെന്നും ദമ്പതിമാർ അറിയിച്ചു.

