‘ഇത്രയും കാലം അനുഭവിച്ച വേദനയെ അപഹസിക്കലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം’: ഹര്‍ഷിന

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപതമെന്ന് പരാതിക്കാരി ഹര്‍ഷിന പറഞ്ഞു.

‘ഞാന്‍ ഇത്രയും കാലം അനുഭവിച്ച വേദനയെ അപഹസിക്കലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇത്രയും കാലത്തെ ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്. നഷ്ടപരിഹാരം സ്വീകരിക്കില്ല. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും. കഴിഞ്ഞ മാസം അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സമരം ഇരുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി എന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരമാണ് വീണ്ടും നിവേദനം സ്പീഡ് പോസ്റ്റായും ഇമെയില്‍ ആയും അയച്ചത്. എന്റെ വേദന ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ മന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ആളെ കളിയാക്കുന്നതിന് തുല്യമാണ്’- ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളും എവിടെയുമെത്താത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.