‘പൂതന പരാമര്‍ശം ഒരു വ്യക്തിയെക്കുറിച്ചല്ല’: കെ സുരേന്ദ്രന്‍

കണ്ണൂര്‍: പൂതന പരാമര്‍ശം ഒരു വ്യക്തിയെ കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിശദീകരണം. കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. വി ഡി സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിത്. റിയാസിന്റേത് വിവാഹം അല്ല അത് വ്യഭിചാരം ആണെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞപ്പോള്‍ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല. രമ്യ ഹരിദാസ് -കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെപ്പറ്റി എ വിജയരാഘവന്‍ അശ്ലീലം പറഞ്ഞപ്പോള്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവും മിണ്ടിയില്ല. ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോള്‍ ഒരു കേസും എടുത്തില്ല. എം എം മണിയുടെയും വി എസിന്റെയും പ്രസ്താവനകള്‍ക്കെതിരെയും കേസെടുത്തില്ല’- കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇടത് വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ കെ സുരേന്ദ്രനെതിരെ ഐപിസി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് പരാതി നല്‍കിയത്.