സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. വ്യാപക ക്രമക്കേടുകളാണ് ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി ഗുണമേന്മ കുറഞ്ഞ ആഹാരസാധനങ്ങൾ വിപണിയിൽ വിൽപ്പന ചെയ്യുന്നുവെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലും സംസ്ഥാനത്തെ 14 ജില്ലകളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ ഓഫീസുകളിലും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലും ഒരേസമയം പരിശോധന നടന്നു. പരിശോധനയ്ക്കായി ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇതിന്റെ തുടർനടപടികൾ പലപ്പോഴും ഉണ്ടാകുന്നില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരു വർഷത്തിലധികം കാലതാമസം എടുക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു. ഈ കാലതാമസത്തിന്റെ പേരിൽ ഭക്ഷ്യ ഉത്പാദകരം വിതരണക്കാരും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നു. നിരവധി പേരാണ് ഇത്തരത്തിൽ രക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പരിശോധനാഫലം ലഭിക്കുന്നത് വൈകിപ്പിക്കുന്നത് നിലവാരമില്ലാത്ത ഭക്ഷണസാധങ്ങളുടെ വിൽപ്പനയെ സഹായിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെത്തിയ അപാകതയെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും എന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുള്ളത്.