എംആര്‍ഐ സ്‌കാനിംഗില്‍ കൈക്ക് ക്ഷതം; കെ കെ രമക്ക് എട്ടാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: കെ കെ രമ എംഎല്‍എയ്ക്ക് ഡോക്ടര്‍മാര്‍ എട്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. എംആര്‍ഐ സ്‌കാനിംഗില്‍ വലതുകൈയിലെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുള്ളത് വ്യക്തമായതിനാലാണ് നിര്‍ദ്ദേശം.

അതേസമയം, പരിക്കേറ്റ് കൈയ്ക്ക് പ്ലാസ്റ്ററിട്ട ശേഷം സിപിഎം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി രമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. സംഘര്‍ഷമുണ്ടായ അന്ന് രമയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിന്‍ദേവ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം രൂക്ഷമായത്. ഇതേ സംബന്ധിച്ച് സൈബര്‍ പോലീസില്‍ സച്ചിന്‍ദേവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രമ പരാതി നല്‍കിയിരുന്നു.

അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് രമയുടെ കൈക്ക് പരിക്കേറ്റത്. നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ രമയുടെ തുടര്‍ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും.