അരിക്കൊമ്പൻ വിഷയം; കേസിൽ കക്ഷിചേർന്ന് ജോസ് കെ മാണി

കോട്ടയം: അരിക്കൊമ്പൻ വിഷയത്തിൽ കക്ഷിചേർന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഹൈക്കോടതി സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ജോസ് കെ മാണി കക്ഷി ചേർന്നത്.

കേരള മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേസിലാണ് അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടിവെച്ച് പിടികൂടരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളുമാണ് കേസിൽ കക്ഷിചേർന്നുകൊണ്ട് ജോസ് കെ മാണി വ്യക്തമാക്കിയത്.

ആർട്ടിക്കിൾ 21 ൽ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും വന്യമൃഗങ്ങൾ അത് കവർന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തിൽ കാണാൻ കഴിയുന്നത്. തന്റെയോ കൃഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാൽ അയാൾക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നൽകാത്തത് നിർഭാഗ്യകരമാണ്. അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21-ാം അനുച്ഛേദത്തിന്റെ നഗ്ന ലംഘനമാണെന്നും ജോസ് കെ മാണി കക്ഷിചേരാനുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.