ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) ആണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. 26 കമ്പനികൾക്ക് ഡ്രഗ് കൺട്രോളർ അതോറിറ്റി കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. മരുന്നിന്റെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാൻ, തെലങ്കാന, സിക്കിം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയവിടങ്ങളിൽ ഡി.സി.ജി.ഐ പരിശോധന നടത്തിയിരുന്നു.
ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ് സയൻസസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകളും ഇന്ത്യയിൽ നിർമ്മിച്ചവയാണ്. ഈ സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

