ന്യൂഡൽഹി: ബിബിസിക്കെതിരെ നടപടി. ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ വിഷയം, സിഖ് പ്രതിഷേധ വാർത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധികൃതരുടെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നാണ് ട്വിറ്റർ നൽകുന്ന വിശദീകരണം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ കേന്ദ്ര സർക്കാരും ബിബിയും തമ്മിൽ ഭിന്നതയിലാണ്. ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിബിസിയിലെ പരിശോധനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പരിശോധനാ വിഷയത്തിൽ ബി ബി സിയെ ശക്തമായി പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തിയിരുന്നു.

