തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകള്‍ പിന്‍വലിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കേസിന്റെ വിശദ വിവരങ്ങള്‍ സഹിതം കേസ് പിന്‍വലിക്കാന്‍ അപേക്ഷ സര്‍ക്കാരിന് നല്‍കണം. ഇവ ആഭ്യന്തര, നിയമ വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കോടതി മുമ്പാകെ സി ആര്‍ പി സി 321 പ്രകാരം അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കും. തുടര്‍ന്ന് കേസുകള്‍ ഇല്ലാതാകുകയാണ് സാധാരണ രീതി.
പൗരത്വ ഭേദഗതി നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ ജനുവരിയില്‍ സാവകാശം നല്‍കിയിരുന്നു. രാജ്യസഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെതായിരുന്നു നടപടി. ഏഴാം തവണയാണ് പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം അധിക സമയം ആവശ്യപ്പെട്ടത്. രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്നങ്ങളുമുണ്ടാക്കി തങ്ങളുടെ തെറ്റായ നിലപാട് അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുണ്ടായ സമരങ്ങളിലും ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളിലും സമാന നിലപാട് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ വ്യക്തിപരമായി അപേക്ഷ നല്‍കണം. ഇത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പരിശോധന നടക്കുകയും ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. ഉത്തരവ് ഇറങ്ങിയതിനുശേഷം ഇതുവരെ കേസ് പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച കേസുകളിലെല്ലാം ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

