സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം; സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. എല്ലാ ആവശ്യങ്ങളും എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലാണ് ധനവകുപ്പും മന്ത്രി കെ എൻ ബാലഗോപാലും. കൂടുതൽ പണം കടമെടുത്ത് എങ്ങനെയെങ്കിലും കാര്യങ്ങൾ ഒപ്പിക്കാനുള്ള പെടാപ്പാടിലാണ് സർക്കാർ.

5,300 കോടി രൂപ കൂടിയാണ് സർക്കാർ ആവശ്യങ്ങൾ നിറവേറ്റാനായി കടമെടുക്കുന്നത്. ഏപ്രിൽ മാസം ആദ്യം ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ട്രഷറിയിൽ പണം ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ് നടത്തുന്നത്. വിഷുവിന് മുൻപ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടി വരും. ഇതെല്ലാം ലക്ഷ്യമിട്ടാണ് വലിയ തുകയുടെ കടമെടുപ്പ് ധനവകുപ്പ് നടത്തുന്നത്.

രണ്ടു കടപ്പത്രങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചത്. ആദ്യം 1037 കോടിയുടേതും തുടർന്ന് 4263 കോടിയുടേയും കടപ്പത്രം സർക്കാർ പുറപ്പെടുവിച്ചു. രണ്ടിന്റെയും ലേലം ചൊവ്വാഴ്ച മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സർക്കാറിന് പണം ലഭിക്കും. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടു വന്നത് സർക്കാറിന് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുടെ പേരിൽ 4000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. ഇത് സർക്കാരിന് വലിയ ആശ്വാസമാണ് നൽകിയത്.