ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. ലോക്‌സഭ ഹൗസിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയത്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അറിയിച്ചിരുന്നു.
രാഹുൽ ഗാന്ധി ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.

