ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ നടന്നത് വലിയ കുറ്റകൃത്യമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാമ് ഈ നിരീക്ഷണം നടത്തിയത്. പതിനൊന്ന് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ്ബാനു നൽകിയ ഹർജിയും മറ്റു പൊതുതാൽപര്യഹർജികളും പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം, ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. ഭയനാനകമായ കുറ്റകൃത്യമാണ് കേസിൽ നടന്നത്. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സുപ്രീ കോടതിയുടെ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മോചനമെന്നായിരുന്നു ഹർജിക്കാരുടെ മറുപടി. കൊലപാതക കേസുകളിലെ പ്രതികൾ ജയിൽ മോചനമില്ലാതെ കഴിയുകയാണ്. മോചനം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ഈ കേസിൽ മോചനം നൽകിയത് സമാനമായി മറ്റു കേസുകളിൽ സ്വീകരിച്ച നടപടികൾ പ്രകാരമാണോയെന്നും ഗുജറാത്ത് സർക്കാരിനോട് കോടതി ചോദിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രതികളെ ജയിൽമോചിതരാക്കിയതെന്ന് സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ഹർജിയിൽ ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതികൾക്കും നോട്ടീസ് നൽകി. അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്നാണ് ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും ലഭിച്ചിരിക്കുന്ന നിർദ്ദേശം.

