യുഗാന്ത്യം! ഇന്നസെന്റിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് സിനിമാ ലോകം

പ്രശസ്ത നടന്‍ ഇന്നസെന്റിന് വിടനല്‍കുകയാണ് സിനിമാലോകം. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെയ്ത കഥാപാത്രങ്ങള്‍ മാത്രം ബാക്കിയാക്കി അദ്ദേഹം കാലയവനികയിലേക്ക് മറഞ്ഞപ്പോള്‍ മലയാളത്തിന് നഷ്ടമായത് മഹാ പ്രതിഭയെയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം ഒന്നടങ്കം.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദിലീപ്, സുരേഷ് ഗോപി, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രജിത്ത്, റിമി ടോമി , ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, മുകേഷ്, മധുപാല്‍ തുടങ്ങി സിനിമാരംഗത്തു നിന്നും ഒട്ടനവധി പേരാണ് ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്, ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും…’

സുരേഷ് ഗോപി

‘നര്‍മ്മത്തിന്റെ തമ്ബുരാന് ആദരാഞ്ജലികള്‍…എന്റെ ഇന്നച്ചന് വിട…’

ജയറാം

‘ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരു വലിയ നഷ്ടം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാല്‍ ഈ നിമിഷം എനിക്ക് വാക്കുകള്‍ കിട്ടാതെ പോവുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.’

ദിലീപ്

‘വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു. ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്…ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍…വാക്കുകള്‍ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും.’

മുകേഷ്

‘വിട, സിനിമയിലെപ്പോലെ ജീവിതത്തിലും നര്‍മ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും. ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സാന്ത്വനമായിരുന്നു. പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു. നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍.’

പൃഥ്വിരാജ്

‘സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അദ്ധ്യായത്തിന് അന്ത്യം! നിത്യശാന്തി നേരുന്നു, ഇതിഹാസമേ…’

സലീം കുമാര്‍

‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും

‘ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്‌ബോള്‍…’

വിനീത് ശ്രീനിവാസന്‍

‘എന്തു പറയണം എന്നറിയില്ല…ഒരുപാട് ഓര്‍മ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്…’

മഞ്ജു വാര്യര്‍

‘നന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്…സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും…’