ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകളും; ഇത്തവണ കൊളംബിയയില്‍ നിന്ന്‌

ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകളും രാജ്യത്തേക്ക് എത്തുകയാണ്. കൊളംബിയയില്‍ നിന്നുമാണ് ഇത്തവണ ഹിപ്പോപ്പൊട്ടാമസുകളുടെ വരവ്. 1980 കളില്‍ മയക്കുമരുന്ന് മാഫിയാതലവന്‍ പാബ്ലോ എസ്‌കോബാര്‍ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന ഹിപ്പോപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാണ് ഇവ. എസ്‌കോബാറിന് കൊളംബിയയയില്‍ ‘ഹസിന്‍ഡ നാപ്പോള്‍സ്’ എന്ന പേരില്‍ ഏകദേശം 20 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന ഒരു എസ്റ്റേറ്റ് ഉണ്ടായിരുന്നു. ഇവിടെയായിരുന്നു ആദ്യം അനധികൃതമായി ആഫ്രിക്കയില്‍ നിന്ന് മൂന്ന് പെണ്‍ ഹിപ്പോകളെയും ഒരു ആണ്‍ ഹിപ്പോയെയും എത്തിച്ചത്.

നിലവില്‍ 130 മുതല്‍ 160 വരെ ഹിപ്പോപ്പൊട്ടമസുകളുണ്ട് കൊളംബിയയില്‍. ഇതില്‍ നിന്നും 70 ഓളം ഹിപ്പോപ്പൊട്ടമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി എത്തുന്നത്. അനുകൂലമായ സാഹചര്യങ്ങളുള്ള കൊളംബിയയില്‍ പിന്നീടിവ പെറ്റു പെരുകിയതിനാല്‍ വംശവര്‍ധനവ് തടയുക എന്ന ലക്ഷ്യം കൂടി നാടുകടത്തലിന് പിന്നിലുണ്ട്. ഹിപ്പോപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍ കൂടിയപ്പോള്‍ രാജ്യത്തുള്ള ഹിപ്പോപ്പൊട്ടാമസുകളെ കൊന്നൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതിന് വിമര്‍ശന സ്വരങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2022-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഹിപ്പോകളെ അധിനിവേശ ജീവിവര്‍ഗമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതേസമയം, 60 ഓളം വരുന്നവയെ ഗുജറാത്തിലെ ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കിങ്ഡത്തിലായിരിക്കും എത്തിക്കുക. വിമാനമാര്‍ഗമായിരിക്കും ഇന്ത്യയിലേക്ക് ഇവ എത്തുക. ബാക്കിയുള്ളവ മെക്‌സിക്കോയിലേക്കെത്തും. ഇന്ത്യയില്‍, 1995-ല്‍ 65 ഹിപ്പോപ്പൊട്ടാമസുകളെന്ന സ്ഥാനത്ത് 2022-ലെ കണക്കുകള്‍ പ്രകാരം 85 ഓളം ഹിപ്പോപ്പൊട്ടമസുകളുണ്ട്. നിലവില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസുകള്‍. ഗുജറാത്തിലെ മൃഗശാലകളില്‍ ആവശ്യമനുസരിച്ച് ഇവയെ കൈമാറുമെന്നാണ് സൂചനകള്‍. ഇന്ത്യയിലുള്ള ഹിപ്പോപ്പൊട്ടമസുകളില്‍ അധികവും ഇന്ന് മൃഗശാലകളിലാണ്. ലോകത്താകെ 1,15,000 മുതല്‍ 1,30,000 വരെ ഹിപ്പോപ്പൊട്ടമസുകളാണ് ശേഷിക്കുന്നത്. 3,200 കിലോഗ്രാമിലേറെ ഭാരം വെയ്ക്കുവാനും ഇവയ്ക്ക് സാധിക്കും. പെണ്‍ ഹിപ്പോകളെക്കാള്‍ വലിപ്പം ആണ്‍ ഹിപ്പോകള്‍ക്കാകും.