ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജിനെ ബിജെപിയുടെ ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകയാണ് ബാന്‍സുരി.
അതേസമയം, ‘ഡല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും മറ്റ് നേതാക്കള്‍ക്കും നന്ദി’- എന്ന് ബാന്‍സുരി ട്വീറ്റ് ചെയ്തു. ബാന്‍സുരിയുടെ നിയമനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ പറഞ്ഞു.
2019-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തന്റെ 67-ാം വയസിലാണ് സുഷമാ സ്വരാജ് അന്തരിച്ചത്. തന്റെ 25-ാം വയസില്‍ ഹരിയാണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാണയിലെ വിദ്യാഭ്യാസം, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്. വാജ്‌പേയി നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനും അവര്‍ക്ക് സാധിച്ചു.

