മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ ബ്രോബോണ്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് മുംബൈയും ഡല്‍ഹിയും. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടിയായിരുന്നു മുംബൈയുടെ ടൂര്‍ണമെന്റിലെ തേരോട്ടം. പിന്നീട് രണ്ട് കളികള്‍ പരാജയപ്പെട്ടെങ്കിലും അവസാന മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെ കീഴടക്കിയാണ് മുംബൈ ഫൈനലിലെത്തിയത്.
ഡല്‍ഹിയാകട്ടെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മങ്ങിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഒന്നാമതെത്തി നേരിട്ട് ഫൈനലിലെത്താനും ഡല്‍ഹിക്കായി. നെറ്റ് റണ്‍ റേറ്റാണ് ഡല്‍ഹിയെ ഒന്നാമതെത്താന്‍ സഹായിച്ചത്.

