ഒരു ദിവസത്തിനിടെ 11 ചുഴലിക്കാറ്റുകൾ; കെട്ടിടങ്ങളും വീടുകളും തകർന്നടിഞ്ഞു, 25 പേർക്ക് ജീവഹാനി

സിൽവർ സിറ്റി: അമേരിക്കയിലെ മിസിസിപ്പിയിൽ കൊടുങ്കാറ്റ്. ഒരു ദിവസത്തിനിടെ 11 ചുഴലിക്കാറ്റുകളാണ് മിസിസിപ്പി മേഖലയിൽ അനുഭവപ്പെട്ടത്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മേഖലയിൽ നിരവധി വീടുകളും കെട്ടിടങ്ങളും ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞു. നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം.

ഇതുവരെ 25 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സൂചന. പ്രദേശത്തെ വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും തകരാറിലാകുകയും ചെയ്തു. മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇത്തരത്തിലൊരു ദുരന്തം മുൻപ് കണ്ടിട്ടില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.