തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിൽ തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ നഗരത്തെ കുറിച്ച് വിശദമാക്കി ഋഷിരാജ് സിംഗ്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിനെ കുറിച്ചാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കിയത്. പ്രതിദിനം 1,900 ടൺ നഗരമാലിന്യ സംസ്‌കരണം മുഖേന കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ഇൻഡോർ ബസുകൾക്ക് ഇന്ധനം നല്കുന്നതും മാലിന്യസംസ്‌കരണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇൻഡോറിൽ 850 വാഹനങ്ങളിലായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ആറ് വിഭാഗങ്ങളായി തരംതിരിക്കുന്നു. നഗരം വൃത്തിയായി സൂക്ഷിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 8,500 ജീവനക്കാരാണ് ഇൻഡോറിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് പ്രത്യേക പ്ലാന്റുകളിൽ മലിനജലം സംസ്‌കരിച്ച് 200 പൊതുതോട്ടങ്ങളിലേയും ഫാമുകളിലേയും ആവശ്യങ്ങൾക്കും നിർമ്മാണങ്ങൾക്കുമായി പുനരുപയോഗിക്കുന്നു. ഹോട്ടലുകൾ, അപ്പാർട്ട്മെന്റ് കോംപ്ലക്‌സുകൾ തുടങ്ങി വലിയ അളവിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ അടുത്തായി പോർട്ടബിൾ കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്.
മാലിന്യം ശേഖരണ തൊഴിലാളികൾക്ക് നൽകുന്നതിന് മുൻപ്പ് തന്നെ ആളുകൾ തങ്ങളുടെ വീടുകളിലെ മാലിന്യം തരംതിരിക്കും. ഇത് ശുചീകരണ തൊഴിലാളികളുടെ ജോലി ലളിതമാക്കും.

