ഗാന്ധിജിയ്ക്ക് ബിരുദമോ നിയമബിരുദമോ ഉണ്ടായിരുന്നില്ല; ഹൈസ്‌കൂൾ ഡിപ്ലോമയാണ് അദ്ദേഹത്തിന്റെ ഏകയോഗ്യതയെന്ന് മനോജ് സിൻഹ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിന് മറുപടിയുമായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. വിദ്യാസമ്പന്നനല്ലാത്ത പ്രധാനമന്ത്രിയ്ക്ക് 21-ാം നൂറ്റാണ്ടിന്റെ ഇന്ത്യയെ ഏതുവിധത്തിൽ വാർത്തെടുക്കാൻ സാധിക്കുമെന്ന കെജ്രിവാളിന്റെ പരാമർശത്തിനാണ് മനോജ് സിൻഹ പരോക്ഷമായി മറുപടി നൽകിയത്. മഹാത്മ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത ചൂണ്ടിക്കാട്ടിയായിരുന്നു മനോജ് സിൻഹയുടെ വാക്കുകൾ.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയ്ക്ക് ഏതെങ്കിലും സർവകലാശാലയുടെ ബിരുദമോ നിയമബിരുദമോ ഉണ്ടായിരുന്നില്ലെന്നും അത്തരത്തിലൊരു തെറ്റിധാരണ ഭൂരിഭാഗം ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം മാത്രമായിരുന്നു ഗാന്ധിജി മുറുകെപ്പിടിച്ചത്. വെറുമൊരു ബിരുദം കരസ്ഥമാക്കുന്നതിലല്ല കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള ബിരുദം നേടുന്നതാണ് വിദ്യാഭ്യാസം എന്ന പൊതുധാരണ തെറ്റാണെന്നും അതിനുപരി മറ്റുപലതുമാണ് വിദ്യാഭ്യാസം എന്നാണ് താൻ വ്യക്തമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഗാന്ധിജിയ്ക്ക് വിദ്യാഭ്യാസമില്ലെന്ന് ആരെങ്കിലും പറയുമോ? അതുപറയാനുള്ള ധൈര്യം ആർക്കുമില്ല. ഏതെങ്കിലും സർവകലാശാലാ ബിരുദമോ യോഗ്യതയോ അദ്ദേഹത്തിനില്ല. ഗാന്ധിജി നിയമബിരുദം നേടിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്. പക്ഷെ അദ്ദേഹത്തിന് നിയമബിരുദമില്ല. ഹൈസ്‌കൂൾ ഡിപ്ലോമയാണ് അദ്ദേഹത്തിന്റെ ഏകയോഗ്യത. നിയമവ്യവഹാരം നടത്തുന്നതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു.