തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവില്‍ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല’- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം. വിഷയത്തില്‍ സംസ്ഥാന കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടക്കും.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കോഴിക്കോട്ട് കോണ്‍ഗ്രസ്സ് നടത്തിയനൈറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ റെയില്‍വേ ആക്ടിലെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

