ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവേഷണ വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ക്രിമിനല്‍ കേസുകളില്‍ തടവോ രണ്ടോ അതിലധികം വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭാ മുരളീധരന്‍ തന്റെ ഹര്‍ജിയിലൂടെ ലക്ഷ്യമിടുന്നത്.

മാനനഷ്ടക്കേസ് പോലുള്ളവയില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി വിധിക്കണെം. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയതും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.