തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി ലോകത്തിലെ വൻ ശക്തിയായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടെന്ന് കെ സുധാകരൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി തനിച്ചല്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ പാർലമെന്റിൽ സാധാരണക്കാരുടെ ശബ്ദമാണ് രാഹുൽ. സാധാരണക്കാർക്ക് വേണ്ടി ആരും ശക്തമായി സംസാരിക്കേണ്ട എന്നാണ് മോദി വ്യക്തമാക്കുന്നത്. സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കെപിസിസി ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ കിരാതമായ നടപടി ഏറ്റവുമധികം വേദനിപ്പിച്ചത് കേരളത്തെയാണ്. എംപി എന്നതിനേക്കാൾ കേരളത്തിന്റെ ഒരു മകനെപ്പോലെ എല്ലാവരുടെയും സ്നേഹവും ആദരവും നേടിയ അദ്ദേഹത്തിനെതിരെ ഉണ്ടായ മിന്നലാക്രമണത്തിന്റെ ആഘാതത്തിലാണ് നാമെല്ലാവരും. രാഹുൽ ഗാന്ധിക്കെതിരെ കോടതി വിധി ഉണ്ടായതിനെ തുടർന്ന് മിന്നൽവേഗതയിൽ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യ നടപടി രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉപതിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചോട്ടെയെന്നും തങ്ങൾ നേരിടാൻ തയാറാണെന്നും കെ സുധാകരൻ പറഞ്ഞു. ആരു ഭരിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കട്ടെ. നീതി നിലനിൽക്കണോ, അനീതി നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനതയാണ്. ജനങ്ങൾക്കു മുന്നിൽ തോൽക്കേണ്ടി വരില്ലെന്ന പൂർണ വിശ്വാസം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

