ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ട്; എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രമെന്ന് മുസ്ലിംലീഗ്

തിരുവനന്തപുരം: ജനാധിപത്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. മതേതര കക്ഷികൾ ഒറ്റക്കെട്ടായി രാഹുലിനൊപ്പമുണ്ട്. രാഹുൽ ജനകീയനായ നേതാവാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമൊപ്പം ഈ ധർമ്മയുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിന് ഇതൊരു നിമിത്തമാകുമെന്ന് നേതാക്കൾ പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാർഗത്തിലൂടെയും തകർക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ദേശീയ അന്തർ ദേശീയ തലത്തിൽ ബിജെപിയുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതിൽ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ ഏകാധിപത്യം ജനാധിപത്യത്തെ വിഴുങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി വ്യക്തമാക്കി. കള്ളക്കേസുകളുമായി പ്രതിപക്ഷത്തെ നേരിടുന്ന രാഷ്ട്രീയം രാജ്യത്തിന് തന്നെ അപമാനമാണ്. ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒറ്റക്കെട്ടായി രാഹുലിനൊപ്പം നിൽക്കേണ്ട സമയമാണിത്. രാജ്യം ഇരുണ്ട കാലത്തേക്കാണ് നീങ്ങാതിരിക്കാൻ ജനാധിപത്യ കക്ഷികൾ പ്രതിഷേധമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ ചക്രവളത്തിലെ മിന്നുന്ന നക്ഷത്രമാണ് രാഹുൽ ഗാന്ധിയെന്നും എതിർ പ്രവർത്തനങ്ങളൊന്നും ആ താരശോഭക്ക് ഒരിക്കലും മങ്ങലേൽപ്പിക്കുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മതേതര ഇന്ത്യയുടെ ഈ ധീരനായ കാവലാൾക്കൊപ്പം ഒറ്റക്കെട്ടായി ജനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.

കേന്ദ്ര ഏജൻസികളെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റിൽപറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.