അന്ന് സ്വന്തം സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞു; ഇന്ന് അത് രാഹുലിന് തന്നെ സ്വയം വിനയായേക്കുമോ?

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ അയോഗ്യതാ ഭീഷണി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന് താൻ വർഷങ്ങൾ മുൻപ് ചെയ്ത പ്രവൃത്തി തന്നെ വിനയായി തീർന്നിരിക്കുകയാണ്.

രണ്ടു വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് അപ്പീൽ നൽകി അയോഗ്യത ഒഴിവാക്കാൻ മുൻപ് 3 മാസം സാവകാശം ലഭിച്ചിരുന്നു. എന്നാൽ 2013ൽ സുപ്രീം കോടതി ഇത് റദ്ദാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇത് തടയാൻ അന്നത്തെ മൻമോഹൻ സിങ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന് ഏതാനും ദിവസങ്ങൾക്കുശേഷം ഡൽഹിയിൽ നാടകീയമായി വിളിച്ച വാർത്താസമ്മേളനത്തിൽ രാഹുൽ സ്വന്തം സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിയുകയായിരുന്നു. തീർത്തും അസംബന്ധം എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ നടപടി.

പിന്നീട് സർക്കാർ ഓർഡിനൻസ് പിൻവലിക്കുകയും ചെയ്തു. ആ ഓർഡിനൻസ് നിലനിൽക്കുകയോ ബിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റുകയോ ചെയ്തിരുന്നെങ്കിൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അനിശ്ചിതത്വത്തിലാകില്ലായിരുന്നു.