രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കി; ഉത്തരവിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: അപകീർത്തി കേസിൽ കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.

സൂറത്ത് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ രാഹുലിന് അയോഗ്യനാക്കണമെന്ന് വിനീത് ജിൻഡാൽ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്സഭ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം സ്പീക്കറെ കണ്ടിരുന്നു. തീരുമാനത്തോടെ വയനാട് ലോക്‌സഭാ സീറ്റിൽ എംപിയില്ലാതെയായി.

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.