നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരം; സുപ്രീം കോടതി

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വെറും അംഗത്വം കുറ്റകരമല്ലെന്ന മുൻ ഉത്തരവ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

2011 ലെ വിധിയിൽ പറഞ്ഞിരുന്നത് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ, നിരോധിത സംഘടനകളിൽ വെറും അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു. ഈ ഉത്തരവാണ് കോടതി റദ്ദാക്കിയത്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് കോടതി ശരിവച്ചു. കേന്ദ്രസർക്കാരിനെ കേൾക്കാതെയാണ് മുൻ ഉത്തരവ് നൽകിയതെന്നാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നും കോടതി നീരീക്ഷിച്ചു.

അതേസമയം, നിലവിലെ വിധി ചരിത്രപരമെന്ന് സോളിസിറ്റർ ജനറൽതുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.