തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വിധി പറഞ്ഞത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്.
അതേസമയം, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, സെനറ്റംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും, ചാന്‍സലറായ തനിക്കെതിരെ പ്രവര്‍ത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. താന്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റംഗങ്ങള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. നിയമപ്രകാരം നോട്ടീസ് നല്കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി തേടിയിരുന്നു. കേസില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അപ്പീല്‍ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു.

