പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയിരിക്കുന്നു; ഫാരിസ് അബൂബക്കര്‍ വിവാദത്തില്‍ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: ഫാരിസ് അബൂബക്കര്‍ വിവാദത്തില്‍ തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്ന പരിഹാസവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്. ഇതുവരെ ഫോണില്‍ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കര്‍, അതിനാല്‍ ആരോപണം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേസമയം, കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാന്‍ വന്‍ തോതില്‍ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടര്‍ന്ന് ഫാരിസ് അബുബക്കറിനെതിരെ ഇഡി അന്വേഷണം തുടങ്ങി. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതും വിദേശത്തുവെച്ചടക്കം പണം കൈമാറ്റം നടത്തിയതുമാണ് ഇന്‍കം ടാക്‌സ് നിലവില്‍ അന്വേഷിക്കുന്നത്. ഈ ഇടപാടുകളിലെ കളളപ്പണം സംബന്ധിച്ചാണ് ഇഡിയുടെ പരിശോധന.

കൊച്ചിയിലടക്കം ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നതിനായി കടലാസ് കമ്പനികള്‍ ഉണ്ടാക്കിയോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു. വിദേശത്തുളള ഫാരിസ് അബൂബക്കറിനോട് ഈയാഴ്ച തന്നെ ചെന്നൈയിലെത്താന്‍ ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.