നികുതിയും പിഴയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാൽ ഒറ്റ വരിയിൽ തീരാവുന്ന പ്രശ്നമേ ഈ വാർത്തക്കുള്ളൂ; വിശദീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: 1000 കോടി പിരിച്ചെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് ടാർഗറ്റ് നൽകിയെന്ന വാർത്ത വ്യാജമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷയത്തിൽ മന്ത്രി വിശദീകരണം നൽകുകയും ചെയ്തു. നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാൽ ഒറ്റ വരിയിൽ തീരാവുന്ന പ്രശ്നമേ ഈ വാർത്തക്കുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തിൽ ഉദ്യോഗസ്ഥർ നിർദേശം നൽകുമ്പോൾ അത് ആളുകളെ റോഡിൽ തടഞ്ഞു നിർത്തി നടത്തുന്ന ‘പിഴപ്പിരിവ്’ ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാർത്തയും തെറ്റാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. വസ്തുത അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നത്. എംവിഡി ഇന്ധന കുടിശ്ശിക തീർത്തില്ലെങ്കിൽ ഡീസൽ വിതരണം നിർത്തുമെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാൽ ഒറ്റ വരിയിൽ തീരാവുന്ന പ്രശ്‌നമെ ഈ വാർത്തക്കുള്ളൂ.

നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തിൽ ഉദ്യോഗസ്ഥർ നിർദേശം നൽകുമ്പോൾ അത് ആളുകളെ റോഡിൽ തടഞ്ഞു നിർത്തി നടത്തുന്ന ‘പിഴപ്പിരിവ്’ ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാർത്തയും തെറ്റാകുന്നത്.

വസ്തുത അതാണ്.