ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അനന്തമായി നീട്ടികൊണ്ടുപോയി ഭൂ ഉടമകളെ കഷ്ടപ്പെടുത്തരുത്; നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്ക് വേണ്ടി വിളിപ്പിൽ വില്ലേജിൽ കണ്ടെത്തിയ ഭൂമിയുടെ ഏറ്റെടുക്കൽ പ്രക്രിയ അനന്തമായി നീട്ടികൊണ്ടുപോയി ഭൂ ഉടമകളെ കഷ്ടപ്പെടുത്തരുതെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അവാർഡ് പാസാക്കിയത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ, റവന്യു സെക്രട്ടറിമാരും ജില്ലാകളക്ടറും വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. തന്റെ ഭൂമി വിൽക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ട് പേയാട് സ്വദേശി മാനുവൽ നേശൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

2020 ജൂൺ 27 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സെക്ഷൻ 19 പ്രകാരമുള്ള വിജ്ഞാപനം 2021 ജനുവരി 30 നും പുറപ്പെടുവിച്ചു. സെക്ഷൻ 25 പ്രകാരം 2021 ജനുവരി 30 മുതൽ 12 മാസത്തിനുള്ളിൽ ജില്ലാ കളക്ടർ അവാർഡ് പാസാക്കണം. ഇത്തരത്തിൽ അവാർഡ് പാസാക്കിയില്ലെങ്കിൽ ഏറ്റെടുക്കൽ നടപടി അസാധുവാകും. അങ്ങനെയെങ്കിൽ വസ്തു ഉടമകളിൽ നിന്നും വാങ്ങിയ രേഖകൾ തിരികെ നൽകേണ്ടതാണ്. 100 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്തതിനാൽ വിൽക്കാനും കഴിയാത്ത അവസ്ഥയിലാണ്. അതേസമയം, നോട്ടിഫൈ ചെയ്ത 100 ഏക്കറിൽ നിന്നും ആദ്യഘട്ടത്തിൽ ഏതു ഭാഗത്ത് നിന്നും 50 ഏക്കർ സ്ഥലം ഏറ്റെടുക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.