ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ അറിയിച്ചു.
‘രാഹുല്‍ ഗാന്ധിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണ്. നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ ഈ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. കേസിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ രാഹുല്‍ ഗാന്ധിയെ കേസുകള്‍ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദമാക്കാനാണ് ശ്രമം. ഭയന്നോടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. വെല്ലുവിളികള്‍ അതിജീവിച്ച് ഈ നാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട’- അദ്ദേഹം പറഞ്ഞു.

