ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് ചോദിച്ചു. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും അത് നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് കോടതി തടവു ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്ന കാര്യത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് തീരുമാനം സ്വീകരിക്കേണ്ടത്. ബിജെപിയുടെ നേതാക്കൾ കേസുകൾ നേരിട്ടിട്ടുണ്ട്. ഉപപ്രധാനമന്ത്രി ആയിരുന്ന സമയത്ത് എൽ കെ അദ്വാനി കോടതിയിൽ ഹാജരായി. എൻഡിഎ സർക്കാർ അധികാരത്തിൽ ഇരുന്നിട്ടും ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിനാണ് സൂറത്ത് കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. രണ്ടുവർഷത്തെ തടവ് ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് മുപ്പതുദിവസത്തെ സാവകാശം സൂറത്ത് കോടതി അനുവദിച്ചിട്ടുണ്ട്.