അതിവേഗം വളരുന്ന സാങ്കേതികവിദ്യ; 6ജി മാർഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: 6 ജിയിലേക്ക് ചുവടുവെയ്ക്കാൻ രാജ്യം. ഇതിന്റെ ഭാഗമായി 6ജി മാർഗ്ഗരേഖ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുധനാഴ്ച 6 ജി മാർഗ്ഗരേഖ പുറത്തിറക്കിയത്. അതിവേഗത്തിൽ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് മാർഗ്ഗരേഖയിലുള്ളത്. ടെക്‌നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6ജി മാർഗ്ഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് 6ജി നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളും, അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നത് ഈ സംഘമായിരിക്കും. അതേസമയം, രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡും പ്രധാനമന്ത്രി ആരംഭിച്ചു. ഭാരത് 6 ജി വിഷൻ ഡോക്യുമെന്റും 6 ജി ടെസ്റ്റ് ബെഡും ഒരുമിച്ച് ചേർന്നാൽ വേഗത്തിലുള്ള 6ജി സാങ്കേതികവിദ്യ പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര മോദി അറിയിച്ചു.