സംസ്ഥാനത്ത് ഇന്ധന സെസും മദ്യ നികുതി വര്‍ധനവും പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതല്‍ കെട്ടിട നികുതിക്കും മദ്യത്തിനും വരെ കൂട്ടിയ നികുതി വര്‍ദ്ധനവുകള്‍ ഉള്‍പ്പെടെയുള്ള ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച ധനകാര്യബില്ലുകള്‍ നിയമസഭ ചര്‍ച്ച കൂടാതെ പാസാക്കി.

അതേസമയം, ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ ഉയരുകയും ചെയ്യും. കെട്ടിട നികുതിക്ക് 5% വാര്‍ഷിക വര്‍ദ്ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വര്‍ദ്ധനയും നിലവില്‍ വരും. ഇതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയില്‍ വന്‍വര്‍ദ്ധനയുണ്ടാകും. ന്യായവില പരിഷ്‌കരിക്കുമ്പോഴെല്ലാം കെട്ടിട നികുതിയും കൂടും. എന്നാല്‍, ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെട്ടിട നികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ച വരുത്തിയാല്‍ പ്രതിമാസ പിഴ ഒരു ശതമാനത്തില്‍ നിന്ന് രണ്ടായി കൂട്ടുകയും ചെയ്തു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങളിലെ നികുതി വര്‍ധനവ് ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരങ്ങള്‍ പലയിടത്തും അക്രമാസക്തമായിരുന്നു.