ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വചനങ്ങൾ ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാർഗം’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുൽ ട്വീറ്റ് ചെയ്തത്. അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഈ വാക്കുകൾ ട്വീറ്ററിൽ കുറിച്ചത്.
സൂറത്തിലെ കോടതിയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവു ശിക്ഷ വിധിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനമായ സംഭവം. ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അപ്പീൽ നൽകാൻ 30 ദിവസം സമയമാണ് രാഹുലിന് അനുവദിച്ചിട്ടുള്ളത്.

