കൊച്ചിയില്‍ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി ഉടന്‍, ഹ്രസ്വ, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്നായി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ഇതിനായി ജില്ലകളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി. വിനു, എസ്. വിഷ്ണു, പൂജ മേനോന്‍ എന്നിവരെ നിയമിച്ചു.

ബ്രഹ്മപുരം തീപിടിത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി.