ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തുമായി രഹസ്യാന്വേഷണ ഏജൻസികൾ. അമൃത്പാൽ സിങ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതും ഉൾപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ആയുധങ്ങൾ വിതരണം ചെയ്യുന്നത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ്. അമൃത്സറിലെ ജല്ലുപുർ ഖേരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററുകൾ, ഗുരുദ്വാര എന്നിവിടങ്ങളിലാണ് ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് അമൃത്പാലിന്റെ ശ്രമം. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് ഇവർ അസഹിഷ്ണുത കാണിക്കുകയാണ്. യുവാക്കളെ തോക്ക് സംസ്‌കാരത്തിലേക്കും തള്ളിവിടുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
വാരിസ് പഞ്ചാബ് ദേ’ സംഘടിപ്പിച്ച ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ സമാഹരിച്ച പണം ഖലിസ്ഥാന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ചെലവുകളുടെയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കുന്നില്ലെന്നും രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടി.

