കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പരാമർശത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ മതവിഭാഗങ്ങളിലുള്ള ചിലരെ പ്രീണിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ചില അവസരവാദികളെ മാത്രം അവർക്ക് സുഖിപ്പിക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപിക്ക് അനുകൂലമായ ഒരു പൊതുവികാരം സംസ്ഥാനത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്ക് കേരള നിയമസഭയിൽ ഒരു സീറ്റ് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവർക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതൽ അവർ കളി തുടങ്ങിയതാണ്. ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് സമീപനമാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസുമായി ചേർന്നുള്ള കളിയിൽ 2016 ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണം. ബിജെപി നയിക്കുന്നത്. ഹിറ്റ്ലറുടെ നിലപാടും തത്വശാസ്ത്രവുമാണ്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ലെന്നും എല്ലാം കൈപിടിയിൽ ഒതുക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തെ പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. നിയമസഭയിൽ അതിന്റേതായ നടപടി ക്രമങ്ങളുണ്ട്. പ്രതിപക്ഷം പാർലമെന്ററി കീഴ്‌വഴക്കം ലംഘിച്ചു. സമവായ ശ്രമമാണ് ഭരണപക്ഷം സ്വീകരിച്ചത്. എന്നാൽ നാടിന്റെ സംസ്‌കാരത്തിന് വിരുദ്ധമായാണ് പ്രതിപക്ഷം പ്രവർത്തിച്ചതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

