മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ്; രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അനിശ്ചിതത്വത്തിലാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അനിശ്ചിതത്വത്തിലാകുമെന്ന് റിപ്പോർട്ട്. മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെയാണ് പാർലമെന്റ് അംഗത്വം അനിശ്ചിതത്വത്തിലായത്. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുൽ ഗാന്ധിക്ക് നിർണ്ണായകമാകുമെന്നാണ് പുറത്തു വരുന്ന വിവരം.

നേരത്തെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ സുപ്രീംകോടതി കർശന നിലപാട് എടുത്തിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത ഉണ്ടാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത നൽകും എന്നതാണ് വ്യവസ്ഥ.

രാഹുൽ ഗാന്ധിയ്ക്ക് ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യമുണ്ടാകും.

കുറ്റം ചെയ്‌തെന്ന വിധി കോടതി അപ്പീൽ നൽകാനായി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ ഉടൻ രാഹുൽ ഗാന്ധി അയോഗ്യത ഉണ്ടാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരും.