ലൈഫ് മിഷൻ അഴിമതി കേസ്; യു വി ജോസിന് കുരുക്ക് മുറുകുന്നു, സരിത്തിന് രേഖകൾ ചോർത്തി നൽകിയെന്ന് ഇഡി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ മുൻ സിഇഒ യു വി ജോസിന് കുരുക്ക് മുറുകുന്നു. ഇ-മെയിൽ സന്ദേശങ്ങളാണ് യു വി ജോസിനെ കുരുക്കുന്ന പ്രധാന തെളിവുകൾ.

ഹാബിറ്റാറ്റ് ലൈഫ് മിഷൻ പദ്ധതിക്കായി സമർപ്പിച്ച രേഖകൾ യുവി ജോസ് സരിത്തിന് ചോർത്തി നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പദ്ധതിക്കായി ഹാബിറ്റാറ്റ് സമർപ്പിച്ചിരുന്ന പ്ലാനും റിപ്പോർട്ടുകളുമാണ് യുവി ജോസ് സരിത്തിന് ഇ-മെയിൽ ചെയ്ത് നൽകിയത്. ഈ രേഖകളാണ് പിന്നീട് കരാർ ലഭിച്ച യൂണിടാക്കിന് സരിത്ത് കൈമാറിയത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ എൻഫോഴ്‌സ്‌മെന്റിന്റെ പക്കലുണ്ട്.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ദിവസം ഇഡി യുവി ജോസിനെ ചോദ്യംചെയ്യലിന് വിളിച്ച് വരുത്തിയിരുന്നു. ഹാബിറ്റാറ്റിനെയായിരുന്നു ലൈഫ് മിഷൻ പദ്ധതിയുടെ പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റായി ആദ്യം നിയോഗിച്ചിരുന്നത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും ലൈഫ് മിഷനിലും ഉൾപ്പെടെ പദ്ധതിയുടെ പ്ലാൻ, മണ്ണ് പരിശോധന റിപ്പോർട്ട്, പ്രോജക്റ്റ് റിപ്പോർട്ട് എന്നിവ ഹാബിറ്റാറ്റ് സമർപ്പിച്ചിരുന്നു. ഇതെല്ലാമാണ് യു വി ജോസ് സരിത്തിന് നൽകിയത്. പിന്നീടാണ് കരാറിൽ നിന്നും ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും യൂണിടാകിന് കരാർ ലഭിച്ചതും.